bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Obadiah 1
Obadiah 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
1
ഓബദ്യായുടെ ദര്‍ശനം: എദോമിനെക്കുറിച്ച് കര്‍ത്താവായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ജനതകളുടെ ഇടയിലേക്കു സര്വേശ്വരന് ഒരു ദൂതനെ അയച്ചിരിക്കുന്നു; അവിടുത്തെ സന്ദേശം ഞങ്ങള്‍ കേട്ടിരിക്കുന്നു. എഴുന്നേല്ക്കുവിന്, എദോമിനോടു യുദ്ധം ചെയ്യാന്‍ പുറപ്പെടുവിന്‍.
2
സര്വേശ്വരന് എദോമിനോട് അരുളിച്ചെയ്യുന്നു: നോക്കൂ, ജനതകളുടെ ഇടയില്‍ ഞാന്‍ നിന്നെ ദുര്‍ബലയാക്കും. നീ എല്ലാവരാലും വെറുക്കപ്പെടും.
3
പാറയുടെ വിള്ളലുകളില്‍ വസിക്കുന്നവളും ഉന്നതസ്ഥലത്തു പാര്‍ക്കുന്നവളും എന്നെ ആരു നിലത്തു തള്ളിയിടുമെന്നു പറയുന്നവളുമായ നിന്നെ, നിന്റെ അഹങ്കാരം ചതിച്ചിരിക്കുന്നു.
4
നീ കഴുകനെപ്പോലെ പറന്നുയര്‍ന്നാലും നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവച്ചാലും അവിടെനിന്നു ഞാന്‍ നിന്നെ താഴെയിറക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
5
തസ്കരന്മാരോ കൊള്ളക്കാരോ രാത്രിയില്‍ വന്നാല്‍ അവര്‍ക്കു വേണ്ടിടത്തോളമല്ലേ മോഷ്ടിക്കൂ? മുന്തിരിപ്പഴം പറിക്കുന്നവര്‍ കാലാ പെറുക്കുവാനുള്ളതു ശേഷിപ്പിക്കാതിരിക്കുമോ? എന്നാല്‍ നീ നിശ്ശേഷം നശിച്ചുപോയല്ലോ!
6
ഏശാവിന്റെ വംശജരേ, നിങ്ങളുടെ നിക്ഷേപങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. നിന്റെ സകല മിത്രങ്ങളും നിന്നെ വഞ്ചിച്ചു.
7
അതിര്‍ത്തിപ്രദേശംവരെ നിന്നെ ഓടിച്ചുകളഞ്ഞു. നിന്നോടു സഖ്യം ചെയ്തവര്‍ നിന്നെ തോല്പിച്ചിരിക്കുന്നു. നിന്റെ വിശ്വസ്തമിത്രങ്ങള്‍ നിനക്കു കെണിയൊരുക്കി; അവരുടെ സാമര്‍ഥ്യം എവിടെപ്പോയി എന്ന് അവര്‍ നിങ്ങളെപ്പറ്റി പറയുന്നു.
8
അന്നു ഞാന്‍ എദോമില്‍നിന്നു ജ്ഞാനികളെയും ഏശാവിന്റെ മലയില്‍നിന്നു വിവേകികളെയും നശിപ്പിച്ചുകളയുമെന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
9
അതിനാല്‍ തേമാനേ, നിന്റെ വീരപുരുഷന്മാര് സംഭ്രമിച്ചുപോകും. എദോമിലുള്ള സകല ആളുകളും കൂട്ടക്കൊല ചെയ്യപ്പെടും.
10
നിന്റെ സഹോദരരായ യാക്കോബുവംശജരോടു നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി ഛേദിക്കപ്പെടും.
11
അന്നു ശത്രുക്കള്‍ അവരുടെ ഗോപുരങ്ങള്‍ ഭേദിച്ച് അകത്തു കടന്നപ്പോള്‍ നീ മാറി നില്‍ക്കുകയായിരുന്നു. അന്ന് അന്യദേശക്കാര്‍ യെരൂശലേമിന്റെ സമ്പത്ത് അപഹരിച്ചപ്പോള്‍ നീയും അവരില്‍ ഒരാളെപ്പോലെ ആയിരുന്നു.
12
യെഹൂദായിലെ നിന്റെ സഹോദരന്മാരുടെ ദൗര്‍ഭാഗ്യനാളില്‍ നീ ഗര്‍വുപൂണ്ട് ആഹ്ലാദിച്ചുകൂടായിരുന്നു. അവരുടെ അനര്‍ഥദിവസത്തെയോര്‍ത്തു നീ സന്തോഷിക്കരുതായിരുന്നു. അവരുടെ സങ്കടനാളില്‍ അവരെ പരിഹസിക്കരുതായിരുന്നു.
13
എന്റെ ജനത്തിന്റെ അനര്‍ഥദിവസത്തില്‍ അവരുടെ കവാടത്തിനുള്ളില്‍ നീ പ്രവേശിക്കരുതായിരുന്നു. അവരുടെ കഷ്ടകാലത്ത് അവരുടെ വിപത്തുകണ്ട് നീ രസിക്കരുതായിരുന്നു. അവരുടെ ആപത്തുകാലത്ത് അവരുടെ വസ്തുവകകള്‍ കൊള്ള ചെയ്യരുതായിരുന്നു.
14
ഓടിപ്പോകുന്നവരെ വധിക്കാന്‍ വഴിക്കവലയില്‍ നീ നില്‍ക്കരുതായിരുന്നു. ദുരിതദിവസത്തില്‍ അവരില്‍ ശേഷിച്ചവരെ നീ ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുക്കരുതായിരുന്നു.
15
എല്ലാ ജനതകളുടെയുംമേല്‍ സര്‍വേശ്വരന്റെ ദിവസം ഉടനെ വരും. എദോമേ, നീ പ്രവര്‍ത്തിച്ചതുപോലെ തന്നെ നിന്നോടും പ്രവര്‍ത്തിക്കും. നിന്റെ പ്രവൃത്തികള്‍ നിന്റെ തലയില്‍തന്നെ നിപതിക്കും.
16
എന്റെ വിശുദ്ധപര്വതത്തില്വച്ച് എന്റെ ജനം കുടിച്ചതുപോലെ ചുറ്റുമുള്ള സകല ജനതകളും ശിക്ഷയുടെ പാനപാത്രം കുടിക്കും. അവര്‍ കുടിച്ചു വേച്ചുപോകും. ജനിച്ചിട്ടേ ഇല്ല എന്നു തോന്നുംവിധം അവര്‍ അപ്രത്യക്ഷരാകും.
17
എന്നാല്‍ സീയോന്‍പര്‍വതത്തില്‍ രക്ഷപെട്ടവര്‍ ഉണ്ടായിരിക്കും. അവിടം വിശുദ്ധമായിരിക്കും. യാക്കോബിന്റെ വംശജര്‍ തങ്ങളുടെ അവകാശഭൂമി കൈവശമാക്കും.
18
അന്ന് യാക്കോബിന്റെയും യോസേഫിന്റെയും ഭവനങ്ങള്‍ അഗ്നി ആയിരിക്കും. അവര്‍ ഏശാവിന്റെ ഭവനത്തെ അഗ്നി വയ്ക്കോലിനെ എന്നപോലെ ദഹിപ്പിക്കും. ഏശാവിന്റെ ഗൃഹത്തില്‍ ആരും ശേഷിക്കുകയില്ല. ഇത് സര്‍വേശ്വരന്റെ വചനം.
19
നെഗബിലുള്ളവര്‍ ഏശാവിന്റെ മലയും താഴ്വരയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശപ്പെടുത്തും. ഇസ്രായേല്‍ജനം എഫ്രയീംപ്രദേശവും ശമര്യാപ്രദേശവും കൈവശമാക്കും. ബെന്യാമീന്‍ഗോത്രക്കാര്‍ ഗിലെയാദു സ്വന്തമാക്കും.
20
ഉത്തര ഇസ്രായേലില്‍നിന്നു പ്രവാസികളായിപ്പോയ സൈന്യം തിരിച്ചുവന്നു ഫിനിഷ്യമുതല്‍ വടക്കോട്ട് സാരെഫാത്ത് വരെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കും; സെഫാരെദിലുള്ള യെരൂശലേംപ്രവാസികള്‍ നെഗബിലെ പട്ടണങ്ങള്‍ കൈവശമാക്കും.
21
ഏശാവിന്റെ പര്‍വതത്തെ ഭരിക്കാന്‍ യെരൂശലേമിലെ വീരന്മാര് സീയോന്‍പര്‍വതത്തിലേക്കു കയറിച്ചെല്ലും. സര്വേശ്വരന് എന്നും രാജാവായിരിക്കും.
Jump to:
Chapter 1
All chapters:
1