bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Lamentations 1
Lamentations 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
1
ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു! ജനതകളില്‍ മഹതിയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു! നഗരികളുടെ രാജ്ഞിയായിരുന്നവള്‍ ഇന്നിതാ അടിമയായിത്തീര്‍ന്നിരിക്കുന്നു.
2
രാത്രിയില്‍ അതിദുഃഖത്തോടെ അവള് കരയുന്നു; അവളുടെ കവിള്‍ത്തടത്തിലൂടെ കണ്ണീര് ഒഴുകുന്നു. അവളുടെ സ്നേഹഭാജനങ്ങളില്‍ ആരും അവളെ ആശ്വസിപ്പിക്കാനില്ല; അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു. അവര്‍ അവളുടെ ശത്രുക്കളായിത്തീര്‍ന്നിരിക്കുന്നു.
3
യെഹൂദാ നിവാസികള്‍ ദുരിതത്തിനും ക്രൂരമായ അടിമത്തത്തിനും അധീനരായി പ്രവാസത്തിലേക്കു നയിക്കപ്പെട്ടു. വിജാതീയരുടെ ഇടയില്‍ വിശ്രമിക്കാന്‍ സ്വന്തമായി ഇടമില്ലാതെ അവള് കഴിയുന്നു. അവളെ പിന്തുടരുന്നവര് അവളുടെ കൊടിയ ദുഃഖത്തിന്റെ നടുവില്‍ അവളെ പീഡിപ്പിക്കുന്നു.
4
ഉത്സവത്തിന് ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികള്‍ കേഴുന്നു; അവളുടെ കവാടങ്ങളെല്ലാം ശൂന്യമായിരിക്കുന്നു. പുരോഹിതന്മാര് നെടുവീര്‍പ്പിടുന്നു; അവളുടെ കന്യകമാര്‍ പീഡിപ്പിക്കപ്പെടുന്നു; അവള് മഹാദുരിതത്തിലായിരിക്കുന്നു.
5
അവളുടെ എണ്ണമറ്റ അകൃത്യങ്ങള്‍ക്കു സര്വേശ്വരന് അവളെ ശിക്ഷിച്ചിരിക്കുന്നു. അവളുടെ മക്കളെ ശത്രുക്കള്‍ അടിമകളായി കൊണ്ടുപോയിരിക്കുന്നു. ശത്രുക്കള്‍ അവളുടെ അധിപന്മാരും വൈരികള്‍ സമ്പന്നരുമായി തീര്‍ന്നിരിക്കുന്നു.
6
യെരൂശലേമിന്റെ സകല പ്രൗഢിയും അസ്തമിച്ചു, മേച്ചില്‍സ്ഥലം കണ്ടെത്താതെ വലയുന്ന മാനുകളെപ്പോലെ ആയിരിക്കുന്നു അവളുടെ പ്രഭുക്കന്മാര്. തങ്ങളെ പിന്തുടരുന്നവരുടെ മുമ്പില്‍ അവര്‍ ശക്തി ക്ഷയിച്ചവരായി ഓടുന്നു.
7
കഷ്ടതയുടെയും കൊടുംയാതനയുടെയും ദിനങ്ങളില്‍ യെരൂശലേം എല്ലാ പുരാതന മഹിമകളെയും ഓര്‍ക്കുന്നു. അവളുടെ ജനം ശത്രുക്കളുടെ കൈയില്‍ അകപ്പെട്ടപ്പോള്‍ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല; അവളുടെ പതനം കണ്ടു ശത്രുക്കള്‍ പരിഹസിച്ചു.
8
യെരൂശലേം ഗുരുതരമായ പാപം ചെയ്തു മലിനയായി തീര്‍ന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവര്‍ അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു. അവള് അതിദുഃഖത്തോടെ മുഖം തിരിക്കുന്നു.
9
അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തില്‍ തെളിഞ്ഞു കാണുന്നു. അവളുടെ വിനാശത്തെക്കുറിച്ച് അവള് ഓര്‍ത്തതുമില്ല. അവളുടെ പതനം ഭയാനകമായി. അവളെ ആശ്വസിപ്പിക്കാന്‍ ആരുമില്ല. സര്‍വേശ്വരനോട് അവള് കരുണയ്ക്കായി യാചിക്കുന്നു. ശത്രു വിജയിച്ചിരിക്കുന്നുവല്ലോ.
10
അവളുടെ അമൂല്യസമ്പത്തെല്ലാം ശത്രു കൈവശപ്പെടുത്തിയിരിക്കുന്നു. വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന ജനതകള്‍ അവിടെ പ്രവേശിക്കുന്നത് അവള് കണ്ടിരിക്കുന്നു.
11
അവളുടെ ജനങ്ങള്‍ നെടുവീര്‍പ്പോടെ ആഹാരത്തിനുവേണ്ടി അലയുന്നു. ജീവന് നിലനിര്‍ത്താനുള്ള ഭക്ഷണത്തിനു വേണ്ടി അവര്‍ അമൂല്യവസ്തുക്കള്‍ വില്‍ക്കുന്നു; സര്‍വേശ്വരാ, തൃക്കണ്‍ പാര്‍ത്താലും ഞാന്‍ നിന്ദിതയായിരിക്കുന്നുവല്ലോ എന്ന് യെരൂശലേം നിലവിളിക്കുന്നു.
12
കടന്നുപോകുന്നവരേ, ഇതു നിങ്ങള്‍ക്കു നിസ്സാരമെന്നോ? സര്വേശ്വരന് അവിടുത്തെ ഉഗ്രരോഷത്താല്‍ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ?
13
അവിടുന്ന് ഉയരത്തില്‍നിന്ന് അഗ്നി വര്‍ഷിച്ചു; അത് എന്റെ അസ്ഥികളെ ഉരുക്കി. അവിടുന്ന് എന്റെ കാലിനു വലവച്ചു; അവിടുന്ന് എന്നെ നിലംപതിപ്പിച്ചു. അവിടുന്ന് എന്നെ പരിത്യജിച്ചു നിരന്തര വേദനയിലാക്കുകയും ചെയ്തിരിക്കുന്നു.
14
അവിടുന്ന് എന്റെ അകൃത്യങ്ങള്‍ ചേര്‍ത്തുകെട്ടി, നുകമാക്കി എന്റെ ചുമലില്‍ വച്ചു. സര്വേശ്വരന് എന്റെ ശക്തി ക്ഷയിപ്പിച്ചു. എനിക്ക് എതിര്‍ത്തു നില്ക്കാന് കഴിയാത്തവരുടെ കൈയില്‍ എന്നെ ഏല്പിച്ചു.
15
ബലശാലികളായ എന്റെ എല്ലാ യോദ്ധാക്കളെയും സര്വേശ്വരന് നിന്ദിച്ചു പുറന്തള്ളി. എന്റെ യുവാക്കളെ തകര്‍ക്കാന്‍ ഒരു സൈന്യത്തെ വിളിച്ചു വരുത്തി. എന്റെ ജനത്തെ അവിടുന്നു മുന്തിരിച്ചക്കിലിട്ടു ഞെരിച്ചുകളഞ്ഞു.
16
ഇതു നിമിത്തം ഞാന്‍ കരയുന്നു; എന്റെ കണ്ണുകളില്‍നിന്നു കണ്ണുനീര് കവിഞ്ഞൊഴുകുന്നു; എന്നെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ആരുമില്ല. ശത്രു ജയിച്ചിരിക്കുകയാല്‍ എന്റെ മക്കള്‍ അഗതികളായിരിക്കുന്നു.
17
സീയോന് കൈ നീട്ടുന്നു; അവളെ സഹായിക്കാന്‍ ആരുമില്ല; അവളുടെ ചുറ്റും ശത്രുക്കളായ അയല്‍ക്കാരെ സര്വേശ്വരന് നിയോഗിച്ചിരിക്കുന്നു. അവരുടെ മധ്യത്തില്‍ യെരൂശലേം മലിനയായിത്തീര്‍ന്നിരിക്കുന്നു.
18
സര്വേശ്വരന് നീതിമാനാകുന്നു. എന്നിട്ടും അവിടുത്തെ വചനം ഞാന്‍ ധിക്കരിച്ചു. ജനതകളേ, ശ്രദ്ധിക്കുക! എന്റെ കഷ്ടത കാണുക! എന്റെ യുവതീയുവാക്കള്‍ പ്രവാസികളായി തീര്‍ന്നിരിക്കുന്നു.
19
ഞാന്‍ സ്നേഹിച്ചിരുന്നവരെ ഞാന്‍ വിളിച്ചു; എന്നാല്‍ അവര്‍ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും ജനപ്രമാണികളും ജീവന് നിലനിര്‍ത്താന്‍ ആഹാരം തേടി നടക്കുമ്പോള്‍ നഗരത്തില്‍വച്ചു മരണമടഞ്ഞു.
20
സര്‍വേശ്വരാ, എന്റെ ദുരിതം കാണണമേ! എന്റെ അന്തരംഗം കലങ്ങിമറിയുന്നു. എന്റെ ഹൃദയം വേദനകൊണ്ടു പുളയുന്നു. ഞാന്‍ വളരെ ധിക്കാരം കാട്ടിയല്ലോ. തെരുവീഥിയില്‍ കൊല നടക്കുന്നു; വീട്ടിനുള്ളിലും മരണം തന്നെ.
21
എന്റെ നെടുവീര്‍പ്പു കേള്‍ക്കണമേ! എന്നെ ആശ്വസിപ്പിക്കാന്‍ ആരുമില്ല. അവിടുന്ന് എനിക്കു വരുത്തിയ അനര്‍ഥങ്ങള്‍ കണ്ട് എന്റെ ശത്രുക്കള്‍ സന്തോഷിക്കുന്നു. അങ്ങു പ്രഖ്യാപനം ചെയ്ത ദിവസം വരുത്തണമേ. അവരും എന്നെപ്പോലെയാകട്ടെ.
22
അവരുടെ എല്ലാ ദുഷ്ടതയും തിരുമുമ്പില്‍ വ്യക്തമാകട്ടെ. എന്റെ അകൃത്യങ്ങള്‍ നിമിത്തം അങ്ങ് എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ; ഞാന്‍ വളരെ നെടുവീര്‍പ്പിടുന്നു. എന്റെ ഹൃദയം തളര്‍ന്നിരിക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
All chapters:
1
2
3
4
5
Recommended Reading
Commentary
Lamentations Commentaries
→
Devotional
Lamentations Devotional Guide
→
Get This Bible
BSI Study Bible
→