bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezra 4
Ezra 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 5 →
1
തിരിച്ചെത്തിയ പ്രവാസികള്‍ ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ആലയം പണിയുന്ന വിവരം യെഹൂദായുടെയും ബെന്യാമീന്യരുടെയും ശത്രുക്കള്‍ അറിഞ്ഞു.
2
അവര്‍ സെരുബ്ബാബേലിനെയും പിതൃഭവനത്തലവന്മാരെയും സമീപിച്ചു പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേര്‍ന്നു പണിതുകൊള്ളട്ടെ. നിങ്ങള്‍ ആരാധിക്കുന്ന ദൈവത്തെ നിങ്ങളെപ്പോലെതന്നെ ഞങ്ങളും ആരാധിക്കുന്നുണ്ടല്ലോ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അസ്സീറിയാരാജാവ് എസര്-ഹദ്ദോന്റെ കാലംമുതല്‍ ഞങ്ങള്‍ ആ ദൈവത്തിനു യാഗം അര്‍പ്പിക്കുകയും ചെയ്തുവരുന്നു.”
3
സെരുബ്ബാബേലും യേശുവയും മറ്റ് ഇസ്രായേല്‍ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ആലയം പണിയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. പേര്‍ഷ്യന്‍രാജാവായ സൈറസ് കല്പിച്ചതുപോലെ ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ ആലയം ഞങ്ങള്‍തന്നെ പണിതുകൊള്ളാം.”
4
അപ്പോള്‍ ദേശനിവാസികള്‍ ദേവാലയത്തിന്റെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന യെഹൂദ്യരെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു.
5
അവരുടെ പ്രയത്നം നിഷ്ഫലമാക്കുവാന്‍ അവര്‍ക്കെതിരെ ഉപദേഷ്ടാക്കന്മാരെ കോഴ കൊടുത്തു വശത്താക്കി. ഇതു പേര്‍ഷ്യന്‍രാജാവായ സൈറസിന്റെ ഭരണകാലം മുതല്‍ ദാരിയൂസിന്റെ ഭരണകാലംവരെ തുടര്‍ന്നു.
6
അഹശ്വേരോശിന്റെ വാഴ്ച ആരംഭിച്ചപ്പോള്‍ യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അവര്‍ പരാതി സമര്‍പ്പിച്ചു.
7
അര്‍ത്ഥക്സേര്‍ക്സസിന്റെ ഭരണകാലത്തും ബിശ്ലാമും മിത്രെദാത്തും താബെയേലും കൂട്ടുകാരും ചേര്‍ന്ന് പേര്‍ഷ്യന്‍രാജാവിന് അരാമ്യഭാഷയില്‍ ഒരു കത്തെഴുതി.
8
ഗവര്‍ണര്‍ രെഹൂമും കാര്യദര്‍ശി ശിംശായിയും ചേര്‍ന്ന് യെരൂശലേമിനെതിരെ അര്‍ത്ഥക്സേര്‍ക്സസ് രാജാവിന് ഒരു കത്തെഴുതി.
9
ഗവര്‍ണര്‍ രെഹൂമിനോടും കാര്യദര്‍ശി ശിംശായിയോടും ഒപ്പം അവരുടെ സഹപ്രവര്‍ത്തകര്‍, ന്യായാധിപന്മാര്, സ്ഥാനപതികള്‍, ഉപദേഷ്ടാക്കന്മാര്, ഉദ്യോഗസ്ഥര്‍ മുതലായവരും അര്‍ക്കാവ്യര്‍, ബാബിലോന്യര്‍, ഏലാമ്യര്‍ എന്നിവരും ചേര്‍ന്നാണ് അത് എഴുതിയത്.
10
മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍രാജാവ് പിടിച്ചുകൊണ്ടുവന്ന് ശമര്യ പട്ടണങ്ങളിലും യൂഫ്രട്ടീസ്നദിക്ക് ഇക്കരെ വിവിധ സ്ഥലങ്ങളിലുമായി പാര്‍പ്പിച്ചിരുന്ന മറ്റു ജനങ്ങള്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു.
11
അര്‍ത്ഥക്സേര്‍ക്സസ് രാജാവിന് അയച്ച കത്തിന്റെ പകര്‍പ്പാണിത്: “നദിക്ക് ഇക്കരെയുള്ള അവിടുത്തെ പ്രജകള്‍ ബോധിപ്പിക്കുന്നത്:
12
അവിടെനിന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുന്ന യെഹൂദന്മാര്‍ ദുഷ്ടതയും മത്സരവും നിറഞ്ഞ ആ പട്ടണം വീണ്ടും പണിയുന്നു. അതിന്റെ മതിലുകള്‍ പണിയുകയും അസ്തിവാരത്തിന്റെ കേടുപാടു തീര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്.
13
പട്ടണം പുതുക്കിപ്പണിതു മതിലുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പിന്നീട് കപ്പമോ, ചുങ്കമോ, കരമോ അവര്‍ അടയ്ക്കുകയില്ല. അങ്ങനെ രാജ്യത്തിന്റെ മുതലെടുപ്പു കുറഞ്ഞുപോകും എന്നുള്ളത് ഞങ്ങള്‍ തിരുസമക്ഷം ഉണര്‍ത്തിക്കുന്നു.
14
അങ്ങു നല്‍കുന്നത് ഉപ്പുകൂട്ടി ഭക്ഷിക്കുന്നവരായതുകൊണ്ട് അങ്ങയെ അനാദരിക്കുന്നത് കണ്ടുകൊണ്ടിരിക്കുക ഞങ്ങള്‍ക്ക് അസഹ്യമായതിനാല്‍ ഈ വിവരം ഞങ്ങള്‍ ബോധിപ്പിക്കുകയാണ്.
15
ഈ പട്ടണം കലഹങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതും രാജാക്കന്മാര്ക്കും നാടുവാഴികള്‍ക്കും ഉപദ്രവം ചെയ്യുന്നതും പണ്ടുമുതലേ കലഹങ്ങള്‍ ഇളക്കിവിട്ടിരുന്നതും ആണെന്നും അതുകൊണ്ടാണ് ഇതു നശിച്ചു കിടക്കുന്നതെന്നും അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകം പരിശോധിച്ചാല്‍ ബോധ്യമാകും.
16
ഈ പട്ടണം വീണ്ടും പണിയുകയും അതിന്റെ മതിലുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ നദിക്ക് ഇക്കരെയുള്ള ദേശത്ത് അവിടുത്തേക്ക് ഒരു അധികാരവും ഉണ്ടായിരിക്കുകയില്ലെന്ന് ഞങ്ങള്‍ ഉണര്‍ത്തിച്ചുകൊള്ളുന്നു.”
17
രാജാവ് മറുപടി അയച്ചു: “ഗവര്‍ണര്‍ രെഹൂമിനും കാര്യദര്‍ശി ശിംശായിക്കും അവരുടെ സഹപ്രവര്‍ത്തകരായി ശമര്യയിലും നദിക്ക് അക്കരെയുള്ള മറ്റു ദേശങ്ങളിലും പാര്‍ക്കുന്നവര്‍ക്കും മംഗളാശംസകള്‍.
18
നിങ്ങള്‍ കൊടുത്തയച്ച എഴുത്തു ഞാന്‍ വ്യക്തമായി വായിച്ചുകേട്ടു.
19
എന്റെ കല്പന അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍, പണ്ടു മുതല്‍തന്നെ ആ പട്ടണം രാജാക്കന്മാര്ക്കെതിരെ മത്സരിച്ചിട്ടുണ്ടെന്നും അവിടെ കലഹവും കലാപവും ഉണ്ടായിട്ടുണ്ടെന്നും മനസ്സിലായി.
20
നദിക്ക് അക്കരെയുള്ള നാടെല്ലാം അടക്കി ഭരിച്ച് കപ്പവും ചുങ്കവും നികുതിയും ഈടാക്കിയിരുന്ന പ്രബലരായ രാജാക്കന്മാര് യെരൂശലേമില്‍ വാണിരുന്നു.
21
അതുകൊണ്ട് ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ പട്ടണത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ അവരോട് ആജ്ഞാപിക്കുക.
22
നിങ്ങള്‍ ഇതില്‍ ഉപേക്ഷ കാണിക്കാതെ ജാഗരൂകരായിരിക്കണം. രാജാവിന്റെ താല്പര്യങ്ങള്ക്കു ഹാനികരമായ ഉപദ്രവം എന്തിനാണ് വളര്‍ത്തുന്നത്?”
23
അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്റെ എഴുത്തിന്റെ പകര്‍പ്പു വായിച്ചുകേട്ടപ്പോള്‍ തന്നെ രെഹൂമും കാര്യദര്‍ശി ശിംശായിയും കൂടെ ഉണ്ടായിരുന്നവരും യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ദ്രുതഗതിയില്‍ ചെന്ന് അധികാരവും ശക്തിയുമുപയോഗിച്ച് പണി നിര്‍ത്തിവയ്പിച്ചു.
24
അങ്ങനെ യെരൂശലേം ദേവാലയത്തിന്റെ പണി മുടങ്ങി. പേര്‍ഷ്യന്‍രാജാവായ ദാരിയൂസിന്റെ വാഴ്ചയുടെ രണ്ടാം വര്‍ഷംവരെ അത് അങ്ങനെ കിടന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
Recommended Reading
Commentary
Ezra Commentaries
→
Devotional
Ezra Devotional Guide
→
Get This Bible
BSI Study Bible
→