bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 14
Mark 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
1
പെസഹായുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവത്തിനു രണ്ടുദിവസം മുമ്പ് മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ എങ്ങനെയാണു പിടികൂടി വധിക്കേണ്ടതെന്നുള്ളതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.
2
ജനങ്ങളുടെ ഇടയില്‍ പ്രക്ഷോഭമുണ്ടായേക്കുമെന്നു ശങ്കിച്ച് അത് ഉത്സവസമയത്താകരുതെന്ന് അവര്‍ പറഞ്ഞു.
3
യേശു ബേഥാന്യയില്‍, കുഷ്ഠരോഗിയായ ശിമോന്റെ ഭവനത്തില്‍ ഭക്ഷണം കഴിക്കുവാനിരിക്കുമ്പോള്‍, ഒരു വെണ്‍കല്പാത്രത്തില്‍ വളരെ വിലയേറിയ, ശുദ്ധമായ നര്‍ദീന്‍ തൈലവുമായി ഒരു സ്ത്രീ വന്ന്, പൊട്ടിച്ച് തൈലം അവിടുത്തെ തലയില്‍ പകര്‍ന്നു.
4
എന്നാല്‍ അവിടെ സന്നിഹിതരായിരുന്ന ചിലര്‍ നീരസപ്പെട്ടു സ്വയം പറഞ്ഞു: “ഈ തൈലം ഇങ്ങനെ പാഴാക്കുന്നത് എന്തിന്?
5
ഇതു മുന്നൂറിനുമേല്‍ ദിനാറിനു വിറ്റു പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നില്ലേ?” അവര്‍ ആ സ്ത്രീയോട് പരുഷമായി സംസാരിച്ചു.
6
എന്നാല്‍ യേശു അവരോടു പറഞ്ഞു: “ആ സ്ത്രീ സ്വൈരമായിരിക്കാന്‍ അനുവദിക്കൂ; എന്തിനവളെ അസഹ്യപ്പെടുത്തുന്നു? അവള് എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്?
7
ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടി ഉണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ അവര്‍ക്കു നന്മ ചെയ്യാമല്ലോ. എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.
8
തനിക്കു കഴിയുന്നത് ആ സ്ത്രീ ചെയ്തു. എന്റെ ശരീരം മുന്‍കൂട്ടി തൈലംപൂശി ശവസംസ്കാരത്തിനുവേണ്ടി ഒരുക്കുകയാണ് അവള് ചെയ്തത്.
9
ലോകത്തിലെങ്ങും സുവിശേഷം പ്രഘോഷിക്കുന്നിടത്തെല്ലാം അവള് ചെയ്ത ഇക്കാര്യം അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.”
10
പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ യൂദാസ് ഈസ്കരിയോത്ത്, യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനുവേണ്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു.
11
അവര്‍ ഇതുകേട്ടപ്പോള്‍ സന്തോഷിച്ച് അയാള്‍ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കം നോക്കിക്കൊണ്ടിരുന്നു.
12
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാള് പെസഹാബലി അര്‍പ്പിക്കുന്ന ദിവസം ശിഷ്യന്മാര് യേശുവിന്റെ അടുക്കല്‍ ചെന്ന്, “അങ്ങേക്കുവേണ്ടി ഞങ്ങള്‍ എവിടെയാണു പെസഹ ഒരുക്കേണ്ടത്?” എന്നു ചോദിച്ചു.
13
അവിടുന്ന് ശിഷ്യന്മാരില് രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങള്‍ നഗരത്തിലേക്കു ചെല്ലുക. അവിടെ ഒരു കുടം ചുമന്നുകൊണ്ടു വരുന്ന ഒരുവനെ നിങ്ങള്‍ കാണും.
14
അയാളുടെ പിന്നാലെ ചെല്ലുക; അയാള്‍ എവിടെ പ്രവേശിക്കുന്നുവോ, ആ വീടിന്റെ ഉടമസ്ഥനോട് ‘എനിക്കു ശിഷ്യന്മാരോടുകൂടി ഇരുന്നു പെസഹ ഭക്ഷിക്കാനുള്ള ശാല എവിടെയാണ്?’ എന്നു ഗുരു ചോദിക്കുന്നു എന്നു പറയുക.
15
അപ്പോള്‍ വിരിച്ചൊരുക്കിയ ഒരു വലിയ മാളികമുറി അയാള്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.”
16
ആ ശിഷ്യന്മാര് നഗരത്തില്‍ ചെന്നു തങ്ങളോട് യേശു പറഞ്ഞതുപോലെ അവര്‍ കണ്ടു. അവര്‍ അവിടെ പെസഹ ഒരുക്കി.
17
സന്ധ്യ ആയപ്പോള്‍ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി അവിടെയെത്തി.
18
അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു പറഞ്ഞു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, നിങ്ങളില്‍ ഒരുവന് എന്നെ ഒറ്റിക്കൊടുക്കും; എന്നോടുകൂടി ഭക്ഷണം കഴിക്കുന്നവന് തന്നെ.”
19
ഇതുകേട്ട് അവര്‍ അത്യന്തം ദുഃഖിതരായി; “അതു ഞാനാണോ?” “ഞാനാണോ?” എന്ന് ഓരോരുത്തനും ചോദിച്ചുതുടങ്ങി.
20
യേശു അവരോടു പറഞ്ഞു: “പന്ത്രണ്ടുപേരില്‍ ഒരുവന്--എന്നോടു കൂടി ഈ പാത്രത്തില്‍നിന്നു ഭക്ഷിക്കുന്നവന് തന്നെ.
21
മനുഷ്യപുത്രന്റെ മരണത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ അതു സംഭവിക്കുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യനു ഹാ കഷ്ടം! അവന് ജനിക്കാതിരുന്നെങ്കില് അവനു നല്ലതായിരുന്നു.”
22
അവര്‍ ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് യേശു അപ്പമെടുത്തു വാഴ്ത്തിമുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: “ഇതു സ്വീകരിക്കുക, ഇതെന്റെ ശരീരമാകുന്നു.”
23
പിന്നീട് അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു. എല്ലാവരും അതില്‍നിന്നു കുടിച്ചു.
24
അവിടുന്ന് അവരോടു പറഞ്ഞു: “ഇത് എന്റെ രക്തം; അനേകമാളുകള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ രക്തംതന്നെ.
25
ദൈവരാജ്യത്തിലെ പുതിയവീഞ്ഞു പാനം ചെയ്യുന്ന ആ നാള് വരെ ഞാന്‍ ഇനി വീഞ്ഞു കുടിക്കുകയില്ല എന്നു നിങ്ങളോടു ഉറപ്പിച്ചു പറയുന്നു.”
26
അവര്‍ സ്തോത്രകീര്‍ത്തനം പാടിയശേഷം ഒലിവുമലയിലേക്കു പോയി.
27
യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ എല്ലാവരും ഇടറിവീഴും; ‘ഞാന്‍ ഇടയനെ അടിച്ചു വീഴ്ത്തും; ആടുകള്‍ ചിതറിപ്പോകും’ എന്നിങ്ങനെ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
28
ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകും.”
29
അപ്പോള്‍ പത്രോസ് യേശുവിനോട്, “ആരെല്ലാം ഇടറിവീണാലും ഞാന്‍ വീഴുകയില്ല” എന്നു പറഞ്ഞു.
30
യേശു പത്രോസിനോട്, “ഇന്ന് രാത്രിയില്‍ കോഴി രണ്ടു വട്ടം കൂകുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു.
31
അപ്പോള്‍ പത്രോസ് കൂറെക്കൂടി തറപ്പിച്ചു പറഞ്ഞു: “അങ്ങയോടുകൂടി മരിക്കേണ്ടി വന്നാലും ഞാന്‍ അങ്ങയെ തള്ളിപ്പറയുകയില്ല.” അതുപോലെതന്നെ ശിഷ്യന്മാര് എല്ലാവരും പറഞ്ഞു.
32
പിന്നീട് എല്ലാവരുംകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോള്‍ “ഞാന്‍ പ്രാര്‍ഥിച്ചു കഴിയുന്നതുവരെ നിങ്ങള്‍ ഇവിടെ ഇരിക്കുക” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു.
33
പിന്നീട് അവിടുന്ന് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് മുമ്പോട്ടുപോയി; അവിടുന്ന് അത്യന്തം ശോകാകുലനും അസ്വസ്ഥനുമാകുവാന്‍ തുടങ്ങി.
34
യേശു അവരോടു പറഞ്ഞു: “എന്റെ ആത്മാവിന്റെ വേദന മരണവേദനപോലെയായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ജാഗ്രതയോടുകൂടി ഇരിക്കുക.”
35
പിന്നീട് അവിടുന്ന് അല്പം മുന്നോട്ടുപോയി നിലത്ത് സാഷ്ടാംഗം വീണു: “കഴിയുമെങ്കില്‍ കഷ്ടാനുഭവത്തിന്റെ ഈ നാഴിക നീങ്ങിപ്പോകണമേ” എന്നു പ്രാര്‍ഥിച്ചു.
36
“പിതാവേ! എന്റെ പിതാവേ! അവിടുത്തേക്കു സമസ്തവും സാധ്യമാണല്ലോ; ഈ പാനപാത്രം എന്നില്‍നിന്നു നീക്കിയാലും; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ” എന്ന് അവിടുന്നു പ്രാര്‍ഥിച്ചു.
37
യേശു തിരിച്ചുവന്നപ്പോള്‍ ശിഷ്യന്മാര് ഉറങ്ങുന്നതായി കണ്ടു. അവിടുന്ന് അവരോടു പറഞ്ഞു: “ശിമോനേ, നീ ഉറങ്ങുകയാണോ, ഒരുമണിക്കൂര്‍ ഉണര്‍ന്നിരിക്കുവാന്‍ നിനക്കു കഴിവില്ലേ?
38
പരീക്ഷയില്‍ വീണുപോകാതിരിക്കുവാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുക. ആത്മാവു സന്നദ്ധമാണ്; എന്നാല്‍ ശരീരം ദുര്‍ബലമത്രേ.”
39
യേശു വീണ്ടുംപോയി അതേ വാക്കുകള്‍ ഉച്ചരിച്ചു പ്രാര്‍ഥിച്ചു.
40
തിരിച്ചുവന്നപ്പോള്‍ പിന്നെയും അവര്‍ ഉറങ്ങുന്നതായിട്ടത്രേ കണ്ടത്. അവരുടെ കണ്ണുകള്‍ക്ക് അത്രയ്ക്കു നിദ്രാഭാരമുണ്ടായിരുന്നു. എന്താണ് ഉത്തരം പറയേണ്ടതെന്ന് അവര്‍ക്കറിഞ്ഞുകൂടായിരുന്നു.
41
മൂന്നാം പ്രാവശ്യവും അവിടുന്ന് അവരുടെ അടുക്കല്‍ വന്ന് അവരോട്, “നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? മതി! സമയമായിരിക്കുന്നു! മനുഷ്യപുത്രന് പാപികളുടെ കൈകളില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു. എഴുന്നേല്ക്കുക നമുക്കു പോകാം.
42
ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവന് അടുത്തെത്തിക്കഴിഞ്ഞു!” എന്നു പറഞ്ഞു.
43
ഇങ്ങനെ പറഞ്ഞുകൊണ്ടു നില്ക്കുമ്പോള്ത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ യൂദാസ് അവിടെയെത്തി; മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അയച്ച ഒരു ജനസഞ്ചയം വാളും വടിയുമായി യൂദാസിനോടുകൂടി ഉണ്ടായിരുന്നു.
44
“ഞാന്‍ ആരെ ചുംബിക്കുന്നുവോ, അയാളാണ് ആ മനുഷ്യന്” എന്നും “അയാളെ പിടിച്ച് കരുതലോടുകൂടി കൊണ്ടുപൊയ്ക്കൊള്ളണം” എന്നും ഒറ്റുകാരനായ യൂദാസ് അവര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
45
അയാള്‍ ഉടനെ യേശുവിന്റെ അടുത്തുചെന്ന് “ഗുരോ” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു.
46
അവര്‍ അവിടുത്തെ പിടിക്കുകയും ചെയ്തു.
47
അടുത്തു നിന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി, അവന്റെ കാത് ഛേദിച്ചുകളഞ്ഞു.
48
അപ്പോള്‍ യേശു പറഞ്ഞു: “ഒരു കൊള്ളക്കാരന്റെ നേരെ എന്നവിധം എന്നെ പിടിക്കുവാന്‍ നിങ്ങള്‍ വാളും വടിയുമായി വന്നിരിക്കുന്നുവോ?
49
നിത്യേന ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നല്ലോ? എന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍ വേദലിഖിതങ്ങള്‍ നിറവേറണമല്ലോ.
50
തത്സമയം ശിഷ്യന്മാര് എല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി.
51
പുതപ്പുമാത്രം ദേഹത്തു ചുറ്റിയിരുന്ന ഒരു യുവാവ് യേശുവിനെ അനുഗമിച്ചിരുന്നു. അവര്‍ അവനെയും പിടികൂടി.
52
എന്നാല്‍ അവന് പുതപ്പ് ഉപേക്ഷിച്ചിട്ട് നഗ്നനായി ഓടി രക്ഷപെട്ടു.
53
അവര്‍ യേശുവിനെ മഹാപുരോഹിതന്റെ അടുക്കലേക്കു കൊണ്ടുപോയി. എല്ലാ മുഖ്യപുരോഹിതന്മാരും ജനപ്രമാണിമാരും മതപണ്ഡിതന്മാരും അവിടെ കൂടിയിരുന്നു.
54
പത്രോസ് കുറേ ദൂരെ മാറി യേശുവിന്റെ പിന്നാലെ ചെന്ന്, മഹാപുരോഹിതന്റെ അരമനയുടെ അങ്കണംവരെ എത്തി, അവിടത്തെ കാവല്‍ഭടന്മാരോടുകൂടി തീ കാഞ്ഞുകൊണ്ടിരുന്നു.
55
മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും യേശുവിനു വധശിക്ഷ നല്കുന്നതിനു അവിടുത്തേക്കെതിരെയുള്ള സാക്ഷ്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു;
56
പക്ഷേ ഒന്നും കണ്ടെത്തിയില്ല. യേശുവിനെതിരെ പലരും സത്യവിരുദ്ധമായ മൊഴി നല്കിക്കൊണ്ടിരുന്നു. എന്നാല്‍ അവരുടെ മൊഴികള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല.
57
‘മനുഷ്യനിര്‍മിതമായ ഈ വിശുദ്ധമന്ദിരം പൊളിച്ച് മനുഷ്യനിര്‍മിതമല്ലാത്ത മറ്റൊന്ന് മൂന്നു ദിവസത്തിനകം ഞാന്‍ പണിയും’ എന്ന്
58
ഇയാള്‍ പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു ചിലര്‍ യേശുവിനെതിരെ സാക്ഷ്യം പറഞ്ഞു.
59
ഇതിലും അവരുടെ മൊഴികള്‍ തമ്മില്‍ പൊരുത്തമില്ലായിരുന്നു.
60
മഹാപുരോഹിതന് അവരുടെ മധ്യത്തില്‍ എഴുന്നേറ്റുനിന്നുകൊണ്ട് യേശുവിനോട്, “നിങ്ങള്‍ക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്? ഇവയ്ക്കൊന്നും നിങ്ങള്‍ മറുപടി പറയുന്നില്ലേ?” എന്നു ചോദിച്ചു.
61
എന്നാല്‍ യേശു ഒന്നും പറയാതെ മൗനം അവലംബിച്ചതേയുള്ളൂ. വീണ്ടും മഹാപുരോഹിതന് ചോദിച്ചു: “നിങ്ങള്‍ വാഴ്ത്തപ്പെട്ട ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആണോ?”
62
യേശു പ്രതിവചിച്ചു: അതേ, ഞാനാകുന്നു; മനുഷ്യപുത്രന് സര്‍വശക്തന്റെ വലത്തുഭാഗത്തിരിക്കുന്നതും വിണ്‍മേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.”
63
അപ്പോള്‍ മഹാപുരോഹിതന് വസ്ത്രം കീറി. “ഇനി സാക്ഷികളുടെ ആവശ്യം എന്ത്?
64
ഇയാള്‍ പറഞ്ഞ ദൈവദൂഷണം നിങ്ങള്‍ കേട്ടു കഴിഞ്ഞല്ലോ; നിങ്ങള്‍ക്ക് എന്തു തോന്നുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. “ഇയാള്‍ വധശിക്ഷയ്ക്കു അര്‍ഹന്‍” എന്ന് എല്ലാവരും വിധിച്ചു.
65
ചിലര്‍ യേശുവിന്റെമേല്‍ തുപ്പുകയും മുഖം മൂടിക്കെട്ടിയശേഷം “പ്രവചിച്ചാലും!” എന്നു പറഞ്ഞുകൊണ്ട് മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു. അരമനയിലെ കാവല്ഭടന്മാര് യേശുവിനെ അടിച്ചുകൊണ്ട് ഏറ്റുവാങ്ങി.
66
പത്രോസ് താഴെ നടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോള്‍ മഹാപുരോഹിതന്റെ ഒരു പരിചാരിക വന്നു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്,
67
“നിങ്ങളും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്നുവല്ലോ” എന്നു പറഞ്ഞു.
68
അപ്പോള്‍ പത്രോസ്, “നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ; എനിക്കു മനസ്സിലാകുന്നുമില്ല” എന്നു തള്ളിപ്പറഞ്ഞു. അനന്തരം പത്രോസ് പുറത്തുള്ള പടിപ്പുരയിലേക്കുപോയി. അപ്പോള്‍ കോഴി കൂകി.
69
ആ പരിചാരിക അദ്ദേഹത്തെ നോക്കിയിട്ട് ഈ മനുഷ്യന് അവരിലൊരാള്‍ തന്നെയാണെന്ന് അടുത്തു നിന്നവരോടു വീണ്ടും പറഞ്ഞു. എന്നാല്‍ പത്രോസ് വീണ്ടും നിഷേധിച്ചു.
70
കുറെക്കഴിഞ്ഞ് അടുത്തുനിന്നവര്‍ “തീര്‍ച്ചയായും നിങ്ങള്‍ അവരുടെ കൂട്ടത്തിലൊരാളാണ്; നിങ്ങള്‍ ഒരു ഗലീലക്കാരനാണല്ലോ” എന്നു പത്രോസിനോടു പറഞ്ഞു.
71
അപ്പോള്‍ അദ്ദേഹം “നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു സത്യം ചെയ്യുകയും ശപിക്കുകയും ചെയ്തു.
72
തല്‍ക്ഷണം കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന്” യേശു തന്നോടു പറഞ്ഞ വാക്ക് ഓര്‍ത്ത് പത്രോസ് ഉള്ളുരുകി പൊട്ടിക്കരഞ്ഞു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16