bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Mark 9
Mark 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 10 →
1
യേശു അവരോടു പറഞ്ഞു: “വാസ്തവം ഞാന്‍ പറയട്ടെ, ദൈവരാജ്യം പ്രഭാവത്തോടുകൂടി വരുന്നതു കാണുന്നതുവരെ ഇവിടെ നില്ക്കുന്നവരില് ചിലര്‍ മരിക്കുകയില്ല.”
2
ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാന് എന്നിവരെ കൂട്ടിക്കൊണ്ട് യേശു ഒരുയര്‍ന്ന മലയിലേക്കുപോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കണ്‍മുമ്പില്‍വച്ച് അവിടുന്നു രൂപാന്തരപ്പെട്ടു.
3
ഭൂമിയിലുള്ള ഒരാള്‍ക്കും വെളുപ്പിക്കുവാന്‍ കഴിയാത്തവിധം അവിടുത്തെ വസ്ത്രം വെണ്മയുള്ളതായി മിന്നിത്തിളങ്ങി.
4
ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നത് അവര്‍ കണ്ടു.
5
പത്രോസ് യേശുവിനോട്, “ഗുരോ, ഞങ്ങള്‍ ഇവിടെ ഉള്ളത് എത്ര നന്നായി; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെയോ? ഒന്ന് അങ്ങേക്കും, ഒന്നു മോശയ്ക്കും ഒന്ന് ഏലിയായ്ക്കും” എന്നു ചോദിച്ചു.
6
താന്‍ എന്താണു പറയേണ്ടതെന്നു പത്രോസിന് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹവും മറ്റു ശിഷ്യന്മാരും അത്രമാത്രം ഭയപരവശരായിത്തീര്‍ന്നിരുന്നു.
7
പിന്നീട് ഒരു മേഘം വന്ന് അവരെ മൂടി. “ഇവന് എന്റെ പ്രിയപുത്രന്, ഇവന് പറയുന്നതു ശ്രദ്ധിക്കുക” എന്ന് മേഘത്തില്‍നിന്ന് ഒരു അശരീരിയുണ്ടായി.
8
പെട്ടെന്ന് അവര്‍ ചുറ്റും നോക്കി. അപ്പോള്‍ തങ്ങളോടുകൂടി യേശുവിനെയല്ലാതെ ആരെയും അവര്‍ കണ്ടില്ല.
9
മനുഷ്യപുത്രന് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുന്നതുവരെ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുതെന്ന് മലയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ യേശു അവരോടു കര്‍ശനമായി ആജ്ഞാപിച്ചു.
10
അതുകൊണ്ട് ഈ സംഭവം അവര്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കും എന്ന് അവിടുന്നു പറഞ്ഞതിന്റെ അര്‍ഥം എന്തായിരിക്കുമെന്ന് അവര്‍ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു.
11
“ഏലിയാ ആദ്യം വരേണ്ടതാണ് എന്ന് മതപണ്ഡിതന്മാര് പറയുന്നത് എന്തുകൊണ്ട്?” എന്ന് അവര്‍ യേശുവിനോടു ചോദിച്ചു.
12
അതിനു യേശു അവരോടു പറഞ്ഞു: “എല്ലാം ഒരുക്കുന്നതിന് ആദ്യം ഏലിയാ വരുന്നു; എന്നാല്‍ മനുഷ്യപുത്രന് വളരെയധികം കഷ്ടപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നല്ലേ എഴുതിയിരിക്കുന്നത്?
13
ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നു കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ അവര്‍ അദ്ദേഹത്തോടു യഥേഷ്ടം പ്രവര്‍ത്തിച്ചു.”
14
അവര്‍ ശിഷ്യന്മാരുടെ അടുക്കലെത്തിയപ്പോള്‍ ഒരു വലിയ ജനസഞ്ചയം അവരുടെ ചുറ്റും കൂടിനില്ക്കുന്നതും മതപണ്ഡിതന്മാര് അവരോടു തര്‍ക്കിക്കുന്നതും കണ്ടു.
15
യേശുവിനെ പെട്ടെന്നു കണ്ടപ്പോള്‍ ജനങ്ങള്‍ ആശ്ചര്യഭരിതരായി ഓടിവന്ന് അവിടുത്തെ അഭിവാദനം ചെയ്തു.
16
അവിടുന്ന് അവരോടു ചോദിച്ചു: “നിങ്ങളെന്തിനെക്കുറിച്ചാണ് അവരുമായി തര്‍ക്കിക്കുന്നത്?”
17
ജനക്കൂട്ടത്തിലൊരാള്‍ പറഞ്ഞു: “ഗുരോ, എന്റെ മകനെ ഞാന്‍ അങ്ങയുടെ അടുക്കല്‍ കൊണ്ടുവന്നു; അവനില്‍ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാന്‍ കഴിവില്ല.
18
ആവേശിക്കുന്നിടത്തുവച്ച് അത് അവനെ തള്ളിയിടുന്നു. അവന്റെ വായില്‍നിന്നു നുരയും പതയും വരികയും അവന് പല്ലുകടിക്കുകയും ചെയ്യും. അതോടെ അവന്റെ ദേഹം വിറങ്ങലിച്ചുപോകുകയും ചെയ്യുന്നു. ഈ ഭൂതത്തെ പുറത്താക്കണമെന്ന് അങ്ങയുടെ ശിഷ്യന്മാരോടു ഞാന്‍ അപേക്ഷിച്ചു. പക്ഷേ അവര്‍ക്കു കഴിഞ്ഞില്ല.”
19
അപ്പോള്‍ യേശു അവരോടു പറഞ്ഞു: “അവിശ്വാസികളായ തലമുറക്കാരേ, എത്രകാലം ഞാന്‍ നിങ്ങളോടുകൂടിയിരിക്കണം? എത്രകാലം ഞാന്‍ നിങ്ങളെ വഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.”
20
അവര്‍ ആ ബാലനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടയുടന്‍ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവന് വായില്‍നിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു.
21
യേശു അവന്റെ പിതാവിനോട്, “ഇതു തുടങ്ങിയിട്ട് എത്രകാലമായി?” എന്നു ചോദിച്ചു. “കുട്ടിക്കാലം മുതല്‍ത്തന്നെ തുടങ്ങിയതാണ്;
22
ഇവനെ നശിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും തീയിലും വെള്ളത്തിലും അത് ഇവനെ തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമെങ്കില്‍ മനസ്സലിഞ്ഞു ഞങ്ങളെ സഹായിച്ചാലും” എന്ന് അയാള്‍ പറഞ്ഞു.
23
“കഴിയുമെങ്കില്‍ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.”
24
ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാന്‍ വിശ്വസിക്കുന്നു; എന്റെ വിശ്വാസത്തിന്റെ പോരായ്മ നികത്താന്‍ സഹായിച്ചാലും” എന്ന് ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു.
25
ജനം തിങ്ങിക്കൂടുന്നതു കണ്ടപ്പോള്‍ യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: “ബധിരനും മൂകനുമായ ആത്മാവേ, ഇവനില്‍നിന്നു ഒഴിഞ്ഞുപോകൂ! ഇനി ഒരിക്കലും ഇവനില്‍ പ്രവേശിക്കരുത് എന്നു ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു.”
26
അപ്പോള്‍ അത് അലറിക്കൊണ്ട് അവനെ ഞെരിച്ചിഴച്ച് അവനില്‍നിന്ന് ഒഴിഞ്ഞുപോയി. ആ ബാലന് മരിച്ചവനെപ്പോലെ ആയി. “അവന് മരിച്ചുപോയി” എന്നു പലരും പറഞ്ഞു.
27
യേശു അവന്റെ കൈക്കു പിടിച്ചു പൊക്കി; അവന് എഴുന്നേറ്റു നിന്നു.
28
യേശു വീട്ടില്‍ വന്നപ്പോള്‍ ശിഷ്യന്മാര് അവിടുത്തോടു രഹസ്യമായി ചോദിച്ചു; ‘ഞങ്ങള്‍ക്കതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?”
29
അവിടുന്ന് അരുള്‍ചെയ്തു: “ഈ വകയെ ബഹിഷ്കരിക്കുവാന്‍ പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല.”
30
അവര്‍ അവിടെനിന്നു പുറപ്പെട്ട് ഗലീലയില്‍ക്കൂടി കടന്നുപോയി. അത് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു.
31
എന്തെന്നാല്‍ മനുഷ്യപുത്രന് മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവനെ വധിക്കുമെന്നും പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് ഉയിര്ത്തെഴുന്നേല്ക്കുമെന്നും അവിടുന്ന് ശിഷ്യന്മാരെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു.
32
ഇത് അവര്‍ക്കു മനസ്സിലായില്ല. അവിടുത്തോടു വീണ്ടും ചോദിക്കുവാന്‍ അവര്‍ക്കു ഭയവുമായിരുന്നു.
33
അങ്ങനെ അവര്‍ കഫര്‍ന്നഹൂമില്‍ എത്തിച്ചേര്‍ന്നു. വീട്ടില്‍ വന്നപ്പോള്‍ യേശു ശിഷ്യന്മാരോട്, “വഴിയില്‍വച്ചു നിങ്ങള്‍ എന്തിനെപ്പറ്റിയാണ് വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നത്?” എന്നു ചോദിച്ചു.
34
അവരുടെ വാദപ്രതിവാദം തങ്ങളില്‍ ആരാണ് ഏറ്റവും വലിയവന്‍ എന്നതിനെപ്പറ്റിയായിരുന്നതുകൊണ്ട് അവര്‍ മൗനം അവലംബിച്ചു.
35
അവിടുന്ന് ഇരുന്നശേഷം പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ച് അവരോടു പറഞ്ഞു: “ഒരുവന് പ്രമുഖനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന് എല്ലാവരിലും എളിയവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം.”
36
പിന്നീട് അവിടുന്ന് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യത്തില്‍ നിറുത്തി. ആ ശിശുവിനെ അവിടുന്ന് കരവലയത്തിലണച്ചുകൊണ്ട് അവരോടു പറഞ്ഞു:
37
“ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ ഏതൊരാള്‍ സ്വീകരിക്കുന്നുവോ അയാള്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെയല്ല എന്നെ അയച്ചവനെയത്രേ സ്വീകരിക്കുന്നത്.”
38
യോഹന്നാന് യേശുവിനോടു പറഞ്ഞു: ‘ഗുരോ, ഒരു മനുഷ്യന് അങ്ങയുടെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങള്‍ കണ്ടു. അയാള്‍ നമ്മെ അനുഗമിക്കാത്തവനായതുകൊണ്ട് ഞങ്ങള്‍ അയാളെ വിലക്കി.”
39
യേശു യോഹന്നാനോടു പറഞ്ഞു: “അയാളെ വിലക്കരുത്; എന്റെ നാമത്തില്‍ അദ്ഭുതം പ്രവര്ത്തിക്കുന്നവന് പിന്നീട് എന്നെ ദുഷിക്കുക സാധ്യമല്ല.
40
നമുക്ക് എതിരില്ലാത്തവന്‍ നമ്മെ അനുകൂലിക്കുന്നവനാണ്.
41
ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിന്റെ നാമം വഹിക്കുന്നവരായതുകൊണ്ട് ആരെങ്കിലും ഒരു പാത്രം വെള്ളം നിങ്ങള്‍ക്കു കുടിക്കുവാന്‍ തരികയാണെങ്കില്‍ അയാള്‍ക്കു പ്രതിഫലം ലഭിക്കാതെയിരിക്കുകയില്ല.
42
“എന്നില്‍ വിശ്വസിക്കുന്ന ഈ എളിയവരില്‍ ഒരുവന് പാപം ചെയ്യുന്നതിന് ആരു കാരണഭൂതനാകുന്നുവോ, അവന്റെ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലില്‍ എറിയുന്നതാണ് അവന് ഏറെ നല്ലത്.
43
പാപം ചെയ്യുന്നതിനു നിന്റെ കൈ കാരണമായി ഭവിക്കുന്നെങ്കില്‍ അതിനെ വെട്ടിക്കളയുക.
44
രണ്ടു കൈയുള്ളവനായി നരകത്തില്‍ നിത്യാഗ്നിയില്‍ നിപതിക്കുന്നതിനെക്കാള്‍ അംഗഭംഗമുള്ളവനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
45
നിന്റെ കാല് പാപം ചെയ്യുന്നതിനു കാരണമായിത്തീര്‍ന്നാല്‍ അതു വെട്ടിക്കളയുക.
46
രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
47
നിന്റെ കണ്ണു പാപംചെയ്യാന്‍ കാരണമായിത്തീര്‍ന്നാല്‍ അതു ചുഴന്നെടുത്തു കളയുക. രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ ഒരു കണ്ണുള്ളവനായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
48
അവരെ അരിക്കുന്ന പുഴു ചാകുകയില്ല. അവരെ ദഹിപ്പിക്കുന്ന തീ കെടുകയുമില്ല.
49
[49,50] “എല്ലാവര്ക്കും തീകൊണ്ട് ഉപ്പു ചേര്‍ക്കപ്പെടും. ഉപ്പു നല്ലതുതന്നെ. എന്നാല്‍ ഉപ്പിന് ഉപ്പുരസമില്ലെങ്കില്‍ എങ്ങനെയാണതു രുചിപ്പെടുത്തുക? നിങ്ങള്‍ ഉപ്പുള്ളവരായിരിക്കുക; നിങ്ങള്‍ അന്യോന്യം സമാധാനമായിരിക്കുകയും വേണം.”
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16