bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 18
1 Kings 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 19 →
1
ഏറെനാള്‍ കഴിഞ്ഞു വരള്‍ച്ചയുടെ മൂന്നാം വര്‍ഷം സര്വേശ്വരന് ഏലിയായോട് അരുളിച്ചെയ്തു: “നീ ആഹാബിന്റെ അടുക്കല്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കാന്‍ പോകുകയാണ്.”
2
ഏലിയാ ആഹാബിന്റെ അടുക്കലേക്കു പോയി. ശമര്യയില്‍ ക്ഷാമം അതികഠിനമായിരുന്നു.
3
ആഹാബ് കൊട്ടാരകാര്യസ്ഥനായിരുന്ന ഓബദ്യായെ വിളിപ്പിച്ചു; അദ്ദേഹം വലിയ ദൈവഭക്തനായിരുന്നു.
4
ഈസേബെല്‍ സര്‍വേശ്വരന്റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഓബദ്യാ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി അമ്പതു പേരെ വീതം ഗുഹകളില്‍ ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു സംരക്ഷിച്ചു.
5
ആഹാബ് ഓബദ്യായോടു പറഞ്ഞു: “നമുക്കു നാട്ടിലുള്ള എല്ലാ അരുവികളുടെയും നീരുറവുകളുടെയും അരികില്‍ ചെന്നു നോക്കാം; കുതിരകളെയും കോവര്‍കഴുതകളെയുമെങ്കിലും ജീവനോടെ രക്ഷിക്കാനാവശ്യമായ പുല്ലു കിട്ടിയെന്നു വരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ.
6
അതിനായി അവര്‍ രാജ്യം രണ്ടായി തിരിച്ച് ആഹാബ് ഒരു ഭാഗത്തേക്കും ഓബദ്യാ മറുഭാഗത്തേക്കും പുറപ്പെട്ടു.
7
വഴിയില്‍വച്ച് ഓബദ്യാ ഏലിയായെ കണ്ടുമുട്ടി; ഏലിയായെ കണ്ടപ്പോള്‍ അയാള്‍ സാഷ്ടാംഗം വീണു: “അങ്ങ് എന്റെ യജമാനനായ ഏലിയാ തന്നെയോ” എന്നു ചോദിച്ചു.
8
“അതെ! ഞാന്‍ ഏലിയാ തന്നെ; ഞാന്‍ ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ചെന്നു പറയുക” എന്നു പറഞ്ഞു.
9
അപ്പോള്‍ ഓബദ്യാ ചോദിച്ചു: “ആഹാബുരാജാവിന്റെ കൈയില്‍ എന്നെ കൊല്ലാന്‍ ഏല്പിക്കത്തക്കവിധം ഈ ദാസന് എന്തു പാപം ചെയ്തു?
10
അങ്ങയുടെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: രാജാവ് അങ്ങയെ അന്വേഷിക്കാത്ത ഒരു സ്ഥലവും ഭൂമിയിലില്ല. ഏലിയാ ഇവിടെയില്ല എന്ന് ഒരു രാജാവോ ജനതയോ പറയുമ്പോള്‍ അങ്ങയെ കണ്ടിട്ടില്ല എന്നു ആ രാജാവിനെക്കൊണ്ടും ജനതയെക്കൊണ്ടും ആഹാബ് സത്യം ചെയ്യിക്കുന്നു.
11
അങ്ങനെ ഇരിക്കെ ഏലിയാ ഇവിടെയുണ്ട് എന്നു രാജാവിനോടു പറയാന്‍ അങ്ങു കല്പിക്കുന്നു.
12
ഞാന്‍ ഇവിടെനിന്നു പോകുമ്പോള്‍ സര്‍വേശ്വരന്റെ ആത്മാവു ഞാന്‍ അറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെ എടുത്തുകൊണ്ടുപോകും. ഞാന്‍ ആഹാബിനെ വിവരമറിയിക്കുകയും ശേഷം അയാള്‍ അങ്ങയെ അന്വേഷിക്കുമ്പോള്‍ കണ്ടെത്താതിരിക്കുകയും ചെയ്താല്‍ ഞാന്‍ ബാല്യം മുതല്ക്കേ സര്‍വേശ്വരഭക്തനാണെങ്കിലും ആഹാബ് എന്നെ കൊന്നുകളയും.
13
ഈസേബെല്‍ സര്‍വേശ്വരന്റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, അവരില്‍ നൂറു പ്രവാചകന്മാരെ അമ്പതുപേരെ വീതം ഒരു ഗുഹയില്‍ ഒളിപ്പിച്ച് ഞാന്‍ അവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്കി സംരക്ഷിച്ച വിവരം അങ്ങേക്കറിഞ്ഞുകൂടേ?
14
എന്നിട്ടും നിന്റെ യജമാനനായ രാജാവിന്റെ അടുക്കല്‍ പോയി ഏലിയാ ഇവിടെ ഉണ്ടെന്നു പറയുക എന്ന് അങ്ങു കല്പിക്കുകയാണോ? അയാള്‍ എന്നെ കൊന്നുകളയും.”
15
ഏലിയാ പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന സര്‍വശക്തനായ ദൈവത്തിന്റെ നാമത്തില്‍ പറയുന്നു: ഇന്നു ഞാന്‍ രാജാവിന്റെ മുമ്പില്‍ ചെല്ലും.”
16
ഓബദ്യാ ചെന്നു രാജാവിനെ വിവരമറിയിച്ചു; ആഹാബ് ഏലിയായെ കാണാന്‍ വന്നു.
17
ഏലിയായെ കണ്ടപ്പോള്‍ ആഹാബു പറഞ്ഞു: “നീയല്ലേ ഇസ്രായേലിനെ ഉപദ്രവിക്കുന്നവന്.”
18
ഏലിയാ പറഞ്ഞു: “ഇസ്രായേലിനെ ഉപദ്രവിക്കുന്നവന് ഞാനല്ല; നീയും നിന്റെ കുടുംബവുമാണ്. നിങ്ങള്‍ സര്‍വേശ്വരന്റെ കല്പനകള് ഉപേക്ഷിച്ച് ബാല്‍വിഗ്രഹങ്ങളെ ആരാധിച്ചു.
19
ഇപ്പോള്‍ത്തന്നെ ആളയച്ച് ഇസ്രായേല്‍ജനത്തെയെല്ലാം കര്‍മ്മേല്‍മലയില്‍ വിളിച്ചുകൂട്ടുക; ഈസേബെല്‍ തീറ്റിപ്പോറ്റുന്ന നാനൂറ്റമ്പതു ബാല്‍പ്രവാചകന്മാരെയും നാനൂറ് അശേരാപ്രവാചകന്മാരെയും അവിടെ കൂട്ടിക്കൊണ്ടു വരിക.”
20
അങ്ങനെ ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്മാരെയും കര്‍മ്മേല്‍മലയില്‍ വിളിച്ചുകൂട്ടി.
21
ഏലിയാ ജനത്തിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “നിങ്ങള്‍ എത്രകാലം ഇരുതോണിയില്‍ കാല് വയ്ക്കും? സര്‍വേശ്വരനാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുക, അതല്ല ബാലാണ് ദൈവമെങ്കില്‍ ബാലിനെ അനുഗമിക്കുക.” ജനം ഉത്തരമൊന്നും പറഞ്ഞില്ല.
22
ഏലിയാ ജനത്തോടു വീണ്ടും പറഞ്ഞു: “സര്‍വേശ്വരന്റെ പ്രവാചകന്മാരില് ഞാനൊരാള് മാത്രമേ ശേഷിച്ചിട്ടുള്ളൂ. ബാലിന്റെ പ്രവാചകന്മാര് നാനൂറ്റി അമ്പതു പേരുണ്ട്.
23
രണ്ടു കാളകളെ കൊണ്ടുവരിക; അവര്‍ ഒന്നിനെ കഷണങ്ങളാക്കി തീ കത്തിക്കാതെ വിറകിന്മേല് വയ്ക്കട്ടെ; മറ്റേതിനെ ഞാന്‍ ഒരുക്കി തീ കൊളുത്താതെ വിറകിന്മേല് വയ്ക്കാം.
24
ബാലിന്റെ പ്രവാചകന്മാര് അവരുടെ ദൈവത്തെ വിളിച്ചപേക്ഷിക്കട്ടെ; ഞാന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിക്കും. അഗ്നി അയച്ച് ഉത്തരമരുളുന്ന ദൈവമായിരിക്കും യഥാര്‍ഥ ദൈവം.” ഇതെല്ലാവര്‍ക്കും സമ്മതമായി.
25
പിന്നീട് ഏലിയാ ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങള്‍തന്നെ ആദ്യം ഒരു കാളയെ ഒരുക്കിക്കൊള്ളുക; നിങ്ങള്‍ വളരെപ്പേരുണ്ടല്ലോ. പിന്നീട് നിങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിക്കുക. വിറകിനു നിങ്ങള്‍ തീ കൊളുത്തരുത്.”
26
അവര്‍ കാളയെ ഒരുക്കി; പ്രഭാതംമുതല്‍ മധ്യാഹ്നംവരെ “ബാല്‍ദേവാ, ഉത്തരമരുളിയാലും” എന്നു വിളിച്ചപേക്ഷിച്ചു. അവര്‍ നിര്‍മ്മിച്ച യാഗപീഠത്തിനു ചുറ്റും നൃത്തം ചെയ്തു; എങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല.
27
ഉച്ചയായപ്പോള്‍ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: “ഉച്ചത്തില്‍ വിളിക്കുക; ബാല്‍ ഒരു ദേവനാണല്ലോ; അയാള്‍ ധ്യാനനിരതനായിരിക്കും; ചിലപ്പോള്‍ ദിനചര്യ അനുഷ്ഠിക്കുകയായിരിക്കാം; അല്ലെങ്കില്‍ യാത്രയിലാവാം; അതുമല്ലെങ്കില്‍ ഉറങ്ങുകയായിരിക്കും; വിളിച്ചുണര്‍ത്തണം.
28
“അവര്‍ ഉച്ചത്തില്‍ വിളിച്ചു; അതു മാത്രമല്ല അവരുടെ ആചാരമനുസരിച്ച് വാളും കുന്തവും കൊണ്ട് തങ്ങളെത്തന്നെ മുറിവേല്പിച്ചു രക്തം ഒഴുക്കാന്‍ തുടങ്ങി.
29
ഉച്ചകഴിഞ്ഞു യാഗാര്‍പ്പണ സമയംവരെ അവര്‍ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു; എന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ആരും അവരുടെ പ്രാര്‍ഥന ശ്രദ്ധിച്ചില്ല.
30
അപ്പോള്‍ ഏലിയാ ജനത്തോട് “എന്റെ അടുക്കല്‍ വരിക” എന്നു പറഞ്ഞു. അവര്‍ അടുത്തു ചെന്നു. സര്‍വേശ്വരന്റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി.
31
നിന്റെ നാമം ഇനിയും ഇസ്രായേല്‍ എന്നായിരിക്കും എന്നു സര്വേശ്വരന് ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു.
32
ആ കല്ലുകള്‍കൊണ്ട് അദ്ദേഹം സര്വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി.
33
പിന്നീട് വിറക് അടുക്കി; കാളയെ കഷണങ്ങളാക്കി വിറകിന്മേല് വച്ചു. അതിനുശേഷം നാലു തൊട്ടി വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കാന്‍ അവരോടു പറഞ്ഞു.
34
വീണ്ടും അങ്ങനെ ചെയ്യാന്‍ ഏലിയാ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു; മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യാന്‍ കല്പിച്ചു. അവര്‍ മൂന്നാം പ്രാവശ്യവും അങ്ങനെതന്നെ ചെയ്തു;
35
വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; ചാലിലും വെള്ളം നിറഞ്ഞു.
36
യാഗാര്‍പ്പണത്തിനുള്ള സമയമായപ്പോള്‍ ഏലിയാപ്രവാചകന് യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സര്‍വേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാന്‍ അവിടുത്തെ ദാസനാണെന്നും സര്‍വേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സര്‍വേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ.
37
അവിടുന്നാണ് യഥാര്‍ഥ ദൈവം എന്നും ഇസ്രായേല്‍ജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവര്‍ അറിയാന്‍ എനിക്ക് ഉത്തരമരുളണമേ.”
38
ഉടനെ സര്‍വേശ്വരന്റെ സന്നിധിയില്‍നിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലില്‍ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി.
39
ജനമെല്ലാം അതു കണ്ടപ്പോള്‍ സാഷ്ടാംഗം വീണു: “സര്‍വേശ്വരാ, അങ്ങുതന്നെ ദൈവം, സര്‍വേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു.
40
ഏലിയാ അവരോടു പറഞ്ഞു: “ബാലിന്റെ പ്രവാചകന്മാരെയെല്ലാം പിടിക്കുവിന്‍, അവരില്‍ ഒരാള്‍പോലും രക്ഷപെടരുത്.” ജനം അവരെ പിടികൂടി; ഏലിയാ അവരെ കീശോന്‍ അരുവിക്ക് സമീപം കൊണ്ടുപോയി അവിടെവച്ചു കൊന്നുകളഞ്ഞു.
41
ആഹാബ്‍രാജാവിനോട് ഏലിയാ പറഞ്ഞു: “അങ്ങു പോയി ഭക്ഷണപാനീയങ്ങള്‍ കഴിച്ചുകൊള്ളുക; വലിയ മഴയുടെ ഇരമ്പല്‍ കേള്‍ക്കുന്നു.”
42
ആഹാബ് ഭക്ഷണം കഴിക്കാന്‍ പോയി; ഏലിയാ കര്‍മ്മേല്‍മലയുടെ മുകളില്‍ കയറി നിലംപറ്റെ കുനിഞ്ഞ് മുഖം കാല്‍മുട്ടുകളുടെ ഇടയിലാക്കി ഇരുന്നു.
43
“നീ പോയി കടലിലേക്കു നോക്കുക” എന്ന് ഏലിയാ തന്റെ ഭൃത്യനോടു പറഞ്ഞു. അവന് ചെന്നു നോക്കിയശേഷം “ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു; ഇങ്ങനെ ഏഴു പ്രാവശ്യം പോയി നോക്കാന്‍ ഏലിയാ കല്പിച്ചു.
44
ഏഴാം പ്രാവശ്യം മടങ്ങിവന്നപ്പോള്‍ അവന് പറഞ്ഞു: “ഒരു മനുഷ്യന്റെ കൈ പോലെയുള്ള ഒരു ചെറിയ മേഘം കടലില്‍നിന്ന് പൊങ്ങിവരുന്നു.” ഏലിയാ അവനോടു പറഞ്ഞു: “നീ ഉടന്‍തന്നെ ആഹാബിന്റെ അടുക്കല്‍ പോയി, രഥം പൂട്ടി പുറപ്പെടുക; അല്ലെങ്കില്‍ മഴ അങ്ങയുടെ യാത്രയ്ക്കു പ്രതിബന്ധമുണ്ടാക്കും എന്നു പറയണം.”
45
ക്ഷണനേരത്തിനുള്ളില്‍ ആകാശം കാര്‍മേഘംകൊണ്ടു മൂടി; കനത്ത മഴ പെയ്യുകയും ചെയ്തു. ആഹാബ് രഥത്തില്‍ കയറി ജെസ്രീലിലേക്കു പോയി.
46
സര്‍വേശ്വരന്റെ ശക്തി ഏലിയായില്‍ വന്നു; അദ്ദേഹം അര മുറുക്കിക്കൊണ്ട് ജെസ്രീല്‍ കവാടംവരെ ആഹാബിനു മുമ്പായി ഓടി.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22